വിദ്യാഭ്യാസ പദ്ധതി
അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി
ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി അടിസ്ഥാനവിദ്യാഭ്യാസപദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു. ഇത് വാർധാപദ്ധതി, ബേസിക് എഡ്യൂക്കേഷൻ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ആ സമ്പ്രദായത്തിൽ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തൻമൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണമിതാണ്.
ജൻമവാസന, വികാരവിചാരങ്ങൾ എന്നിവയെ ഉചിതമാർഗ്ഗത്തിലൂടെ നയിക്കുക, പഠനപ്രക്രിയയുടെ തത്ത്വങ്ങൾ ഉപയോഗിക്കുക, അച്ചടക്കം പാലിക്കുക, വ്യക്തിത്വത്തിന്റെ നാനാവശങ്ങളെ വികസിപ്പിക്കുക എന്നീ മനഃശാസ്ത്രപരമായ വസ്തുതകൾക്ക് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയിൽ അർഹമായ സ്ഥാനം നല്കിയിട്ടുണ്ട്.
സ്വയം പര്യാപ്തത എന്ന സാമൂഹികവ്യവസ്ഥിതിക്ക് രൂപം നല്കുവാനുള്ള ബോധപൂർവമായ ശ്രമം ഈ പദ്ധതിയിൽ കാണാം. ജോലിയുടെ മാഹാത്മ്യം അത് ഉയർത്തിക്കാണിക്കുന്നു. സഹകരണ ബോധം വളർത്തിയും ഗ്രാമജീവിതവും നഗരജീവിതവും തമ്മിലുള്ള വിടവ് നികത്തിയും സാമ്പത്തിക പ്രശ്നങ്ങൾ ആവുന്നത്ര പരിഹരിച്ചും സമൂഹത്തെ പുനഃസംവിധാനം ചെയ്യുന്നതിന് പറ്റിയ പ്രവർത്തനപരിപാടികൾ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് അടിസ്ഥാനവിദ്യാഭ്യാസത്തിനുള്ളത്. അഞ്ചാംക്ളാസ്സുവരെ സഹവിദ്യാഭ്യാസം അനുവദിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് നല്കുന്നതെങ്കിലും അഞ്ചാംക്ളാസ്സിനുശേഷം പെൺകുട്ടികൾ ഗാർഹികവിജ്ഞാനം പഠിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. താഴെപ്പറയുന്ന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:
അടിസ്ഥാനവിദ്യാഭ്യാസം അംഗീകരിക്കുന്ന കൈത്തൊഴിൽ - നൂല്നൂല്പ്, നെയ്ത്ത്, മരപ്പണി, കൃഷി, കായ്കറിത്തോട്ടനിർമ്മാണം, തുകൽപ്പണി, പാവകളും കളിമൺപാത്രങ്ങളും നിർമ്മിക്കൽ, മീൻപിടിത്തം, ഗാർഹികകല (പെൺകുട്ടികൾക്ക്), പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മറ്റേതെങ്കിലും കൈത്തൊഴിൽ.
മാതൃഭാഷ.
ഗണിതശാസ്ത്രം.
സാമൂഹികപാഠങ്ങൾ.
ജനറൽ സയൻസ്.
കലകൾ: ചിത്രകല, സംഗീതം മുതലായവ.
കായികവിനോദങ്ങളും കളികളും.
ഹിന്ദി.
Comments
Post a Comment