ലൈബ്രറി

ഒരു ലൈബ്രറി കഥ

ലൈബ്രറിയും ഇവിടെ ഒരു പിരീഡാണ് എൻ്റെയീ മാർ തിയോഫിലസ്സിൽ. പണ്ട് ഞാൻ പഠിച്ചിരുന്ന ശിശുവിഹാർ യു പി സ്കൂളിലും ഇങ്ങനെ ഒരു ലൈബ്രറി പിരീഡ് ഉണ്ടായിരുന്നു.ആദ്യമായി ഞാനൊരു ലൈബ്രറിയിൽ കയറുന്നതും അവിടെ നിന്നാണ്. ആ ദിവസങ്ങൾ ഞങ്ങൾ ശിശുവിഹാർ കുട്ടികൾക്ക് മറക്കാൻ സാധിക്കാത്തതാണ്. ലൈബ്രറി റൂമിലേക്ക് കയറിയാൽ ആദ്യത്തെ പണി ആ മുറി ആകെ ഒന്ന് നോക്കലാണ്. പല പല വർണ്ണക്കടലാസുകളിൽ  എഴുത്തുകാർ,കവികൾ മറ്റ് മഹാന്മാർ പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും പറഞ്ഞിട്ടുള്ളത് ആ മുറിയിലാകമാനം ഒട്ടിച്ചിട്ടുണ്ട്. ആ നോട്ടമൊക്കെ കണ്ടാൽ തോന്നും ഇതൊക്കെയങ്ങ് മനസ്സിലാക്കി ഉൾക്കൊണ്ടു എന്ന്. എവിടന്ന്.... എന്താ നിറം....അക്ഷരങ്ങൾക്ക് എന്താ വടിവ് .... എഴുത്തൊക്കെ എന്ത് രസം അത്രന്നെ..... പിന്നെ ഓരോരോ അലമാരകളിലേക്ക് അതിലുള്ള പുസ്തകങ്ങളിലേക്ക്. "ഇഷ്ടമുള്ള പുസ്തകം എടുക്കാം പക്ഷേ എടുക്കുന്ന പുസ്തകം കൃത്യമായി തന്നെ തിരിച്ച് അതാത് സ്ഥലങ്ങളിൽ വെക്കണം"രശ്മി ടീച്ചർ എടുത്തു തരുന്നതിൽ നിന്നും സ്വയം പുസ്തകം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അത് വളരെയേറെ വിലപിടിപ്പുള്ളതായിരുന്നു. ആ ലൈബ്രറി മുറിയോട് വല്ലാത്തൊരു ഇഷ്ടമോ ആത്മബന്ധമോ ഉണ്ടായി തുടങ്ങിയ നിമിഷം. സ്വയം ഒരു വലിയ ചേച്ചിയായി തോന്നിയ നിമിഷം. കാരണം സാധാരണ ഗതിയിൽ വല്ല്യ ചേച്ചിമാർക്കും ചേട്ടന്മാർക്കും മാത്രം സാധിക്കുന്ന ഒന്നാണല്ലോ എനിക്കീ ഒന്നാം ക്ലാസ്സിൽ തന്നെ കിട്ടിയത്, സ്വന്തമായി പുസ്തകം എടുക്കാനുള്ള സ്വാതന്ത്ര്യം. സർവ്വസ്വാതന്ത്ര്യം.പലരും പല വിധത്തിലാണ് തനിക്ക് വേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. ചിലർ ചിത്രം നോക്കി എടുത്തു ,ചിലർ കൂട്ടുകാർ എടുക്കുന്നതു നോക്കി എടുത്തു, എന്നെപ്പോലുള്ള മറ്റു ചിലർ പുസ്തകം മണത്തു നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നല്ല വാസനയുള്ള പുസ്തകങ്ങൾക്കുള്ളിൽ നല്ല കഥയും ഉണ്ടാകുമല്ലോ. തനിക്ക് വേണ്ടുന്ന പുസ്തകം കണ്ടെത്തുന്നതിന് ഓരോ കുട്ടിക്കും വ്യക്തിപരമായ ഒരു ന്യായം ഉണ്ടായിരുന്നു, തനിക്ക് മാത്രം മനസ്സിലാക്ന്ന ഒരു പ്രത്യയശാസ്ത്രവും ഉണ്ടായിരുന്നു.ചിലർക്ക് ആദ്യമേ പുസ്തകം കിട്ടി ചിലർക്ക് കുറച്ചു കഴിഞ്ഞും ഞാൻ ഉൾപ്പെടുന്ന മൂന്നാമത്തെ കൂട്ടത്തിന് കുറച്ചു കൂടി തപ്പേണ്ടിവന്നു. ഇഷ്ടപ്പെട്ട പുസ്തകം സ്വന്തമാക്കുന്ന ഓരോ കുട്ടിയുടെയും മുഖത്ത് ഒരു സന്തോഷമോ അഭിമാനമോ ആവേശമോ ഞാൻ കണ്ടിരുന്നു. ലൈബ്രറി നിശബ്ദമാകപ്പെടേണ്ട ഒരിടമാണ്. വായന മാത്രേ പാടുള്ളൂ. രശ്മി ടീച്ചറുടെ ഈ വക നിർദ്ദേശങ്ങളെ കാറ്റിൽ പറത്തിയായിരുന്നു ഞങ്ങളുടെ പെരുമാറ്റങ്ങൾ. എന്നാൽ അരമണിക്കൂറിനുള്ളിൽ തന്നെ ടീച്ചറെപോലും അമ്പരപ്പെടുത്തിക്കൊണ്ട് ലൈബ്രറി പൂർണ്ണമായ നിശബ്ദതയിലാണ്ടു. എല്ലാ വെള്ളിയാഴ്ചയും ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ പിരീഡ് ആണ് ഞങ്ങടെ ലൈബ്രറി പിരീഡ്. തിങ്കളാഴ്ച വായിച്ച പുസ്തകത്തിൻ്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും വേണം.അതും ഒരു ആവേശമായിരുന്നു. ഇന്ന് ഞാൻ ഒന്നാം ക്ലാസിലല്ല, ഹൈസ്കൂൾ കഴിഞ്ഞു,ഹയർസെക്കൻഡറി കഴിഞ്ഞു ഡിഗ്രി കഴിഞ്ഞു, പിജി കഴിഞ്ഞു ബി.എഡ് ന് ചേർന്നു. ഇതിനിടയിൽ എത്ര തവണ ലൈബ്രറി കയറിയിറങ്ങി - ലൈബ്രറികൾ കയറിയിറങ്ങി. ഓർമ്മയുള്ളതും ഓർമ്മയില്ലാത്തതുമായ അനേകം ദിവസങ്ങൾ കടന്നുപോയിട്ടുണ്ടെങ്കിലും ലൈബ്രറി എന്ന് കേട്ടാൽ മനസ്സ് ആദ്യം ഓടിച്ചെല്ലുന്നത് ശിശുവിഹാർ സ്കൂളിലെ ഹെഡ്മിസ്ട്രസ്സിന്റെ മുറിയോട് ചേർന്ന് നിൽക്കുന്ന ആ ഇഷ്ടികഹാളും (ഞങ്ങൾ അങ്ങനെയാണ് പറയാറ്) അതിനുള്ളിലെ വർണ്ണക്കടലാസും, അലമാരകളും പല മണങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങളുമാണ്. പിന്നീടുള്ള കാലഘട്ടം നിൻ്റെ മാത്രം ആവശ്യമാണ് നിൻ്റെ വായന എന്നു പറയുന്നതായിരുന്നു.പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്നാണ് ഞാനൊരു ലൈബ്രറി പിരീഡ് പിന്നീട് അനുഭവിക്കുന്നത് അല്ല ആസ്വദിക്കുന്നത്. ഇവിടെ ഞാൻ നിൽക്കുന്നത് ഒരു മാർതിയോഫിലസ് വിദ്യാർത്ഥി ആയിട്ടല്ല ആ പഴയ ശിശുവിഹാർ സ്കൂളിലെ കുട്ടിയായി മാത്രമാണ് എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷേ ആൻസി ടീച്ചർ തന്ന അസൈമെൻറ് എഴുതാനുള്ള സ്റ്റഡി മെറ്റീരിയലുകൾ മണത്തു നോക്കി കണ്ടുപിടിക്കാൻ കഴിയുന്നതല്ലല്ലോ.
          എന്നെ ഞാനാക്കി മാറ്റിയ ഇടം. 

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ