അധ്യാപന രീതികൾ _ 1
വാചിക രീതി (ഓറൽ മെത്തേഡ്)
ആദികാലം മുതൽ നിലവിലുള്ളതും കുടിപ്പള്ളിക്കൂടം മുതൽ സർവകലാശാല വരെ പ്രയോഗത്തിലിരിക്കുന്നതുമായ ബോധനരീതിയാണിത്. ഇതിൽ ഭാഷണരീതിയും (telling) പ്രസംഗരീതിയും (lecture) ഉൾപ്പെടുന്നു. അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്ത്വം. കുടിപ്പള്ളിക്കൂടത്തിൽ ആശാൻ ചൊല്ലിക്കൊടുക്കുന്നത് കുട്ടികൾ ഏറ്റുചൊല്ലുന്നു. പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി. ഉയർന്ന ക്ലാസ്സുകളിൽ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം അധികമായതിനാൽ തുടർച്ചയായുള്ള ഭാഷണമാണ് സർവസാധാരണമായിട്ടുള്ളത്. ഇതിനെ പ്രസംഗരീതിയെന്നോ പ്രഭാഷണരീതിയെന്നോ പറയാം.[10]
കുട്ടികളും അധ്യാപകരും തമ്മിൽ അഭിമുഖമായുള്ള പ്രവർത്തനംമൂലം കുട്ടികളുടെ ആവശ്യാനുസരണം പാഠം കൈകാര്യം ചെയ്യുവാൻ കഴിയുമെന്നതാണ് ഭാഷണരീതിയുടെ മേന്മ. തന്നെയുമല്ല അനേകം കുട്ടികളെ ഒരു സമയത്ത് ഒരധ്യാപകൻ പഠിപ്പിക്കേണ്ടിവരുമ്പോൾ ഇത്രത്തോളം സൌകര്യമുള്ള മറ്റൊരു രീതിയില്ല. ഉയർന്ന ക്ലാസ്സുകളിൽ പ്രസംഗരീതിക്ക് ഗണനീയമായ സ്ഥാനമുണ്ട്. പാഠങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധമുണ്ടായിരിക്കുക, പ്രസംഗപാഠത്തിനുവേണ്ടി അവർ മുൻകൂട്ടി തയ്യാറെടുക്കുക, പ്രസംഗാവസാനം സംശയങ്ങൾ ചോദിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുക, പാഠ്യവിഷയത്തെ സംബന്ധിച്ച് പൂരകപഠനം നടത്തുക എന്നിവയിൽ ശ്രദ്ധപതിപ്പിക്കുവാൻ കഴിഞ്ഞാൽ പ്രഭാഷണരീതി വളരെ ഉപയോഗപ്രദമായിരിക്കും.
എന്നാൽ പ്രസംഗരീതി വിദ്യാർഥികളിൽ വിരസത ഉണ്ടാക്കുന്നതായി കാണുന്നു. കൂടാതെ വ്യക്തിപരമായ ശ്രദ്ധ ഒരോ വിദ്യാർഥിക്കും ലഭിക്കുന്നുമില്ല. ഇതിനൊരു പരിഹാരമായി കോളജുകളിൽ ട്യൂട്ടോറിയൽ സമ്പ്രദായം' ഏർപ്പെടുത്തിയിട്ടുള്ളത് ഒരളവിൽ പ്രയോജനകരമാണ്.
Comments
Post a Comment