Digital text content 1
മലയാള സിനിമയിലെ ഭിന്നശേഷി കാഴ്ചപ്പാടുകൾ ( 2020 വരെയുള്ള സിനിമകളെ മുൻനിർത്തിയുള്ള പഠനം )
ബാലൻ മുതൽ അജഗജാന്തരം വരെയുള്ള സിനിമകൾ പരിശോധന നടത്തിയാൽ ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുന്ന വസ്തുതയാണ് മലയാള സിനിമയുടെ ഗണ്യമായ വളർച്ച എന്നത്. പ്രമേയത്തിൽ ആകട്ടെ സാങ്കേതികവിദ്യയിൽ ആകട്ടെ അവതരണത്തിൽ ആകട്ടെ അനുദിനം മുന്നോട്ട് നീങ്ങുന്നുണ്ട്.
ഇന്നത്തെ സിനിമകൾക്ക് പാടമോ,പുഴയോ, ഗ്രാമീണ പശ്ചാത്തലമോ, ഗ്രാമീണതയോ,നന്മ നിറഞ്ഞ കഥാപത്രങ്ങളോ വേണമെന്നില്ല. സമകാലിക ചുറ്റുപാടുകളുമായിട്ട് ഇറങ്ങി ചെന്ന് പ്രേക്ഷകൻ്റെ കണ്ണായിട്ട് (പ്രേക്ഷകൻ്റെ അഭിലാഷങ്ങളുടെ കണ്ണല്ല) മാറുകയാണ് സിനിമ. അതുകൊണ്ട് തന്നെ എല്ലാത്തരം വാർപ്പുമാതൃകകളിൽ നിന്നും മുക്തി നേടുകയാണ് മലയാള സിനിമ.
എടുത്ത് പറയേണ്ടത് മലയാള സിനിമയിലെ നായക-നായിക സങ്കല്പങ്ങൾക്കുണ്ടായ മാറ്റങ്ങൾ തന്നെയാണ്. ‘ചിറകൊടിഞ്ഞ കിനാക്കളിൽ’ കാലാകാലങ്ങളായുള്ള മലയാള സിനിമയിലെ നായകന്മാരുടെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഏഴടി ഉയരവും വിരിഞ്ഞ നെഞ്ചളവും ഉറച്ച ശബ്ദവും വരേണ്യ ഭാവകത്വവും പ്രകടിപ്പിക്കുന്നതാണ് മലയാളത്തിലെ നായക സങ്കല്പം. എന്നാൽ നായിക സങ്കല്പമാവട്ടെ, വെളുത്തു തുടുത്ത കുലീനയായ യുവതി. നദിയാ മൊയ്ദുവിന്റെ വരവോടെ നായിക സങ്കല്പത്തിന് “കുറുമ്പ്_ എന്നും “പരിഷ്കാരി” എന്നുമുള്ള നിലയിലേക്കും നസ്രിയൻ കാലഘട്ടം ആകുമ്പോഴേക്കും “ക്യൂട്ട്നസ്” കൂടിയ ഒന്നിനെയും പറ്റി അറിവില്ലാത്ത, പുരുഷന്മാരെ ആശ്രയിക്കുന്ന, ആൺ രീതികളുള്ള, ചോക്ലേറ്റും ഐസ്ക്രീമും ഇഷ്ടപ്പെടുന്ന, രാജകുമാരനെ സ്വപ്നം കണ്ട് പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ഒരു പെൺകുട്ടി എന്ന നിലയിലേക്ക് അത് എത്തിച്ചേരുന്നു.
എന്നാൽ 2019-21 ആകുമ്പോഴേക്കും ഇത്തരം സ്റ്റീരിയൊടൈപ്പ് നായികാ നായക സങ്കല്പത്തിൽ നിന്നും പുറത്തേക്ക് കടക്കുവാൻ മലയാളം സിനിമ ശ്രമിക്കുന്നുണ്ട്. ഫിലിം സ്റ്റഡീസ് അതിനോട് ബന്ധപ്പെടുന്ന കൾച്ചറൽ സ്റ്റഡീസ് ബോഡി സ്റ്റഡീസ് സോഷ്യൽ സ്റ്റഡീസ് തുടങ്ങിയ പുതിയ പഠനം മേഖലകളാണ് ഇതിന് വഴിയൊരുക്കിയതെന്നും പറയാം. ഈ ഒരു പശ്ചാത്തലത്തിൽ മലയാള സിനിമയിൽ എപ്രകാരമാണ് ഭിന്നശേഷിയെ ശാരീരിക മാനസിക വൈകല്യങ്ങളെ ചിത്രീകരിച്ചത് എന്ന് പഠിക്കുകയാണ് ഈ പഠനത്തിൻറെ ഉദ്ദേശം. പരമ്പരാഗത നായിക നായിക സങ്കല്പത്തിൽ ഉറച്ചുനിന്നിരുന്ന ചിത്രീകരണം ആയതിനാൽ ഭിന്നശേഷിക്കാർ ഒരിക്കലും മുഖ്യധാരയിലേക്ക് ആദ്യകാലത്ത് വന്നിരുന്നില്ല നായകന്റെയോ നായകളുടെ നായികയുടെ വീട്ടിലെ പ്രാരാബ്ദം പറഞ്ഞൊപ്പിക്കാനുള്ള ഒരു ഉപകരണം ആയിട്ടായിരുന്നു ആദ്യകാലത്ത് ഇവർ പ്രത്യക്ഷപ്പെട്ടത്.1989ൽ ഇറങ്ങിയ ‘റാം ജിറാവ് സ്പീകിംഗ്’ എന്ന സിനിമയിലെ റാണി എന്ന കഥാപാത്രത്തിന്റെ ദാരിദ്ര്യത്തിന്റെ ദൈന്യത കണ്ണ് കാണാത്ത ഉണ്ണി എന്ന അനിയനിലൂടെയും മാനസികരോഗിയെ അമ്മയിലൂടെയും പറയുന്നു. ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന വിനയൻ ചിത്രത്തിലും ‘അകലെ’ എന്ന ശ്യാമ പ്രസാദ് ചിത്രത്തിലും ചർച്ച ചെയ്യപ്പെടുന്നതുമായ പ്രമേയവും ഇതുതന്നെ.
അടുത്ത പ്രവണത നായിക നായകന്റെ സ്വഭാവസവിശേഷത വ്യക്തമാക്കുക എന്ന ഉദ്ദേശമാണ്. വിശാലമനസ്കരായ നായക സ്ഥാനീയർക്ക് സഹായിക്കുവാനുള്ളവരായി തീരുകയാണ് ഈ അവസരത്തിൽ ഇവർ. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത 1999 ഇറങ്ങിയ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയിൽ മഞ്ജുവാര്യർ ചെയ്യുന്ന ഭദ്ര എന്ന കഥാപാത്രത്തിന്റെ മനസ്സലിവിനെ പ്രകടമാക്കുന്ന കഥാപാത്രമാണ് കലാഭവൻ മണിയുടേത്. മാനസിക വളർച്ച എത്തിയിട്ടില്ലാത്ത ഈ കഥാപാത്രത്തിന് സ്വന്തം പേര് പോലും അറിയില്ല. സിനിമയിലെ ചിരിയായും കരച്ചിലായി ഈ കഥാപാത്രം മാറുന്നുണ്ട്. ‘പഞ്ചാബി ഹൗസിലെ’ ഉണ്ണി എന്ന കഥാപാത്രത്തിന് ത്യാഗി പരിവേഷം ലഭിക്കുന്നത് സംസാരശേഷിയില്ലാത്ത പഞ്ചാബി പെൺകുട്ടി വിവാഹം ചെയ്യുമ്പോഴാണ്. വിനയൻ സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ ‘രാക്ഷസരാജാവും’ കമൽ സംവിധാനം ചെയ്ത 2010 പുറത്തിറങ്ങിയ ‘ആഗതനും’ ഇതേ ഗണത്തിൽ പെടുന്ന മറ്റു രണ്ടു സിനിമകളാണ്.സിനിമയിലെ ഇത്തരം പ്രവണതകളെ നല്ലവണ്ണം പരിഹസിക്കുന്ന സിനിമയാണ് 2015 ൽ ഇറങ്ങിയ സന്തോഷ് വിശ്വന്ത് സംവിധാനം ചെയ്ത ‘ചിറകൊടിഞ്ഞ കിനാക്ക’ൾ.
വികാരനിർഭരമായ സീനുകൾ കൈകാര്യം ചെയ്യുന്നതിനും കഥയിൽ ഒരു പൊട്ടിച്ചിരിയുടെ തുടക്കം കുറിക്കുന്നതിനും ഒരുപോലെ ഇവർ സിനിമകളിൽ ഉപയോഗിക്കപ്പെടുന്നു എന്നതുമൊരു വിരോധാഭാസമാണ്. ‘ചക്കരമുത്തി’ലെ അരവിന്ദൻ എന്ന കേന്ദ്ര കഥാപാത്രം,‘മിഴി രണ്ടിലും’ എന്ന സിനിമയിലെ യശോധര എന്ന മാനസിക വൈകല്യമുള്ള സ്ത്രീ, ‘ആകാശദൂതി’ലെ ടോണി എന്ന കഥാപാത്രം തുടങ്ങിയവരൊക്കെയും കാഴ്ചക്കാരുടെ കണ്ണ് നിറയ്ക്കുന്നതിനുള്ള എലമെന്റുകളാണ് സിനിമയിൽ.ഷാഫിയുടെ ഒരു പഴയ ബോംബ് കഥയിലെ ഏറ്റവും വികാരനിർഭരമായ സീൻ ശ്രീക്കുട്ടൻ എന്ന ബിപിൻ ജോർജിന് തല്ലു കിട്ടുന്നതാണ്.
ഇതുവരെ പറഞ്ഞത് കഥയിൽ അവരെ എങ്ങനെ ദുഃഖത്തെ കൊണ്ടുവരുന്നു എന്നതെങ്കിൽ ഇനി പറയാൻ ഉദ്ദേശിക്കുന്നത് ഇവരെങ്ങനെ കോമഡിയാകുന്നു എന്നതാണ് മലയാളസിനിമയിൽ അധികവും മാനസിക പ്രശ്നമുള്ള അല്ലെങ്കിൽ അംഗപരിമിതരെ ഉപയോഗിച്ചിട്ടുള്ളത് ഹാസ്യം സൃഷ്ടിക്കുന്നതിന് ആയിരുന്നു.രാജസേനൻ സംവിധാനം ചെയ്ത സിനിമയാണ് ‘നക്ഷത്ര കണ്ണുള്ള രാജകുമാരൻ രാജകുമാരി’. പ്രസ്തുത സിനിമയിൽ നായികാനായകന്റെ പ്രണയത്തെ അനുകൂലിക്കുന്ന മുടന്തനായ ചാന്തൂട്ടി വിക്കനായ ശങ്കുണ്ണിയും ഒക്കെ സിനിമയിൽ സ്വയം അപഹാസ്യരായി ഹാസ്യം മുടർത്തുന്ന കഥാപാത്രങ്ങളാണ്. 1994ൽ സംവിധാനം ചെയ്ത ‘വാരഫലത്തിലും’ ഇപ്രകാരം അന്ധത എന്നും ബധിരത എന്നുമുള്ള അവസ്ഥയെ ഹാസ്യത്തിന് ഉപയോഗിക്കുന്നുണ്ട്. ശാരീരിക പോരായ്മകൾ കൊണ്ട് വശംകെടുന്ന തികച്ചും ഉപയോഗശൂന്യരായ ഈ നായകന്മാർ സിനിമയിൽ ഒത്തിരി പൊട്ടിച്ചിരി ഉണർത്തുന്നുണ്ട് ഇത്തരത്തിൽ തന്നെയാണ് അവരുടെ കുടുംബ ജീവിതത്തെയും ആവിഷ്കരിക്കുന്നത് കുടുംബജീവിതം നയിക്കാൻ ഇവർ പ്രാപ്തർ അല്ല എന്ന വ്യാജ സന്ദേശവും ഇവിടെ ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. 2007ൽ പുറത്തിറങ്ങിയ പ്രിയദർശന്റെ ‘കാക്കക്കുയിൽ’ എന്ന ചിത്രം ചിത്രവും ചർച്ചചെയ്യുന്നത് അന്ധനായ വൃദ്ധസമ്പതികളെ അവരുടെ പേരക്കുട്ടിയായ കുഞ്ഞുണ്ണിയാണ് താനെന്ന് പറഞ്ഞു പറ്റിക്കുന്ന നായകൻറെ കഥയാണ്.നായകന്റെയും സഹ നായകന്റെയും നിവർത്തികേടിനെ കോമാളിത്തരം എന്ന നിലയിൽ നിവർത്തികേടിന്റെ കോമാളിത്തരം എന്ന നിലയിൽ ഇതിനെ ലളിത വൽക്കരിക്കാനും സിനിമ ശ്രമിക്കുന്നുണ്ട്.വിക്ക് എന്ന ശാരീരിക അവസ്ഥയെ ജഗദീഷ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്ന വഴിയും ചിത്രത്തിന് ചിരിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ വിക്കിനെ തന്നെ ഹാസ്യവത്കരിക്കുന്ന മറ്റൊരു കഥാപാത്രമാണ് 2011 ൽ പുറത്തിറങ്ങിയ ‘മേക്കപ്പ് മാൻ’ എന്ന ഷാഫി ചിത്രത്തിലെ അഡ്വക്കേറ്റ് മത്തായി. മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും
നിന്നും ചാടിപ്പോയ നാല് മാനസിക രോഗികളുടെ കഥ പറയുന്ന ‘മൂക്കിലെ രാജ്യത്തും’ കോമഡി എന്ന ഗണത്തിൽപ്പെടുന്ന സിനിമയാണ്. മാനസിക ആരോഗ്യ പ്രശ്നങ്ങളെ ചിത്രീകരിക്കുന്ന ‘തിളക്കവും’,’താളവട്ടവും’, ‘കാക്കത്തൊള്ളായിര’വും ഒക്കെ സിനിമയുടെ പ്രമേയത്തെ ഉയർത്തി കാട്ടുന്നതിലുപരി മാനസികാവസ്ഥയെ പ്രോജക്ട് ചെയ്ത് ഹാസ്യം ഉണർത്തുന്നതിലാണ് തങ്ങളുടെ ശ്രദ്ധ ഏറെ പതിപ്പിച്ചിട്ടുള്ളത് എന്ന് തോന്നിപ്പോകും. “ഒരു യമണ്ടൻ പ്രേമകഥ” എന്ന ന്യൂജൻ സിനിമയിൽ പോലും സെബാസ്റ്റ്യൻ, ടെനി സെബാസ്റ്റ്യൻ എന്ന അന്ധനായ പിതാവും പുത്രനും ചിത്രത്തിൽ തമാശ കൊണ്ടുവരുന്നു സിനിമ വൈകാരിക തലത്തിൽ ഉയർത്തുന്നു എന്ന ധർമ്മം മാത്രമാണ് ചെയ്യുന്നത്.
പക്ഷേ 90 ഓടുകൂടി മുഖ്യധാരയിലേക്ക് അതായത് നായിക നായക പദവിയിലേക്കും ഇവർ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനുമുമ്പ് തന്നെ കെജി ജോർജ് അടൂർ മുതലായവർ ഇക്കൂട്ടരെ അവരുടേതായ സ്വത്വബോധത്തോടെ കൂടി തന്നെ അവതരിപ്പിക്കുന്നുമുണ്ട് പക്ഷേ ജനപ്രിയ കൊമേഴ്സ് സിനിമയിൽ എത്തുമ്പോൾ വ്യക്തിയെ പറയുന്നു എന്നതിലുപരി അദ്ദേഹത്തിൻറെ അവസ്ഥകളെ മുൻനിർത്തിയുള്ള ഹാസ്യമാണ് മുന്നിട്ടുനിൽക്കുന്നത് സംവിധാനം ചെയ്ത ചക്കരമുത്തിലെ അരവിന്ദൻ എന്ന മാനസിക വളർച്ച പൂർണ്ണമാകാത്ത കഥാപാത്രം അത്തരത്തിലുള്ളതാണ് അരവിന്ദന്റെ ശരീരഭാഷയും അവതരണവും ഒക്കെ ഹാസ്യം ജനിപ്പിക്കുന്നു അയാളോട് പ്രേക്ഷകർക്ക് സഹതാപം തോന്നുന്നു എന്നതിലുപരിയായാൽ നേരിടുന്ന മാനസികാവസ്ഥയെ പ്രേക്ഷകർക്ക് മുന്നിൽ അത്രമേൽ സംവദിക്കുന്നില്ല. കമലിന്റെ സംവിധാനത്തിൽ 2006 പുറത്തിറങ്ങിയ ‘പച്ചക്കുതിരയും’ ഇതേ ഗണത്തിൽ പെടുത്താം അനിയനെ കാത്തുനിൽക്കുന്ന ആനന്ദക്കുട്ടന് മുന്നിൽ മാനസിക വളർച്ച പൂർത്തിയാവാത്ത ആകാശ് എന്ന കഥാപാത്രത്തിന്റെ വരവാണ് സിനിമയിൽ പൊട്ടിച്ചിരിക്ക് തുടക്കം നൽകുന്നത്. വലിയ കണ്ണടയും കുറിയ ശരീരവും ഉയർന്നു നിൽക്കുന്ന മുടി പെരുമാറ്റത്തിലെ അസ്വാഭാവികത തുടങ്ങി ഡിഫറെൻറ് ഏബിൾ ആയ ഒരു മനുഷ്യൻറെ രീതികളെ കാണിച്ചാണ് സംവിധായകൻ ഇവിടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നത്. പിന്നീട് പ്രേക്ഷകരെ കരയിപ്പിക്കുന്നതിന് പ്രസ്തുത കഥാപാത്രത്തിനുള്ള കഥാപാത്രത്തിനോടുള്ള നായകന്റെ സഹതാപവും മാനസിക ബന്ധവും ഉപയോഗിക്കുന്നു.
കുട്ടൻപിള്ള എന്ന് വിളിക്കാൻ കഴിയാതെ വരികയും പകരം കുണ്ടൻ പിള്ള എന്ന് തെറ്റി വിളിക്കുകയും ചെയ്യുന്ന നായകനാണ് വൈശാഖിന്റെ ‘സൗണ്ട് തോമയിൽ’ ഉടനീളം ചിരി പടർത്തുന്നത്. കുടുംബത്തിലെ മുഴുവൻ ഭാരവും നിരന്തരം അവഗണനകൾ നേരിടുന്ന ലോല ഹൃദയൻ എന്നതാണ് 1999 ൽ ഇറങ്ങിയ വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിൽ. അദ്ദേഹത്തിൻറെ തന്നെ ‘ഊമ പെണ്ണിന് ഉരിയാടാ പയ്യൻ’,’അത്ഭുതദ്വീപ്’, ശശി ശങ്കറിന്റെ ‘കുഞ്ഞിക്കൂനനും’ ഒക്കെ ഇത്തരത്തിൽ വികൃതമായിട്ടാണ് ഭിന്നതകളെ ചിത്രീകരിച്ചിട്ടുള്ളത്. കുഞ്ഞിക്കൂനനിലെ ദിലീപ്-ഗിന്നസ് പക്രുവുമായുള്ള പെണ്ണുകാണൽ വിടർത്തിയ പൊട്ടിച്ചിരിയുടെ പുറകിലുള്ള പ്രത്യയശാസ്ത്രത്തെ നാമിന്ന് പരിശോധിക്കേണ്ടതാണ്.
ഇതിനൊക്കെ അപവാദമായി നിൽക്കുന്ന ആളാണ് ബ്ലസിയുടെ ‘പളുങ്കി’ലെ മോനിച്ചൻ. അംഗപരിമിതനായ ഇദ്ദേഹത്തിൻറെ കുടുംബം നോക്കാനുള്ള ബദ്ധപ്പാട് ഒരു മധ്യവർഗ്ഗത്തിൻ്റെ പ്രാരാബ്ദങ്ങളോട് ഉപമിക്കാവുന്നതേ ഉള്ളൂ. വിനയം സംവിധാനം ചെയ്ത അത്ഭുതദ്വീപിലെ നായകൻ ഹരിയല്ല ഗജേന്ദ്രനാണെന്ന് മനസ്സിലാവുന്നത് ക്ലൈമാക്സിൽ മാത്രം എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മാനസിക വളർച്ച പൂർത്തിയാകാത്തവരെ അവതരിപ്പിക്കുന്നതിലും മലയാള സിനിമ വേറിട്ടൊരു അവതരണ ശൈലി കൊണ്ടുവന്നിരുന്നു. 1992 ൽ വിജിതമ്പി സംവിധാനം ചെയ്ത ‘സൂര്യമാനസ’ത്തിലെ പുട്ടുറുമീസും, 2001ലെ ചിത്രമായ കരുമാടിക്കുട്ടനും അത്തരത്തിലുള്ളവരാണ് .രൂപകരമായ ഇവരിൽ വരുത്തുന്ന കൃത്രിമമായ വൈരൂപ്യം സമൂഹത്തിലെ അരികുകളിലേക്ക് അവരെ നീക്കിനിർത്തുന്ന പ്രവണത കാണിച്ചു നൽകുന്നു.
കാഴ്ചക്കാരെ വിറപ്പിക്കുന്ന വില്ലന്മാരായിട്ടാണ് ഇവരുടെ അടുത്തരംഗ പ്രവേശം.’ നിർണയം’, ‘മലയാളി മാമനും വണക്കം’, ‘ഒരു യമണ്ടൻ പ്രേമകഥ’യിലും ഒക്കെ വില്ലനായി എത്തുന്നത് ഒറ്റക്കയ്യന്മാരും ഒറ്റക്കാലന്മാരുമാണ്. അവർ ഉണർത്തുന്ന ഭീതിയിൽ ചെറുതല്ല. മലയാള സിനിമ ഇന്നോളം ഡിഫറെൻറ്ലി ഏബിൾഡ് വിഭാഗക്കാരെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തിയിട്ടേയുള്ളൂ.
എന്നാലിവരെ വേണ്ടവിധം അടയാളപ്പെടുത്തി ചിത്രങ്ങളുമുണ്ട്. 1978 ൽ പുറത്തിറങ്ങിയ അടൂർ ചിത്രമായ ‘കൊടിയേറ്റം’ ശങ്കരൻകുട്ടിയുടെ കണ്ണുകളിലൂടെ കഥ പറയുന്ന സിനിമയാണ്. 80 കളിലെ കെ ജി ജോർജിന്റെ ‘മേള’യും അത്തരത്തിൽപ്പെടുന്നു. മേളയിൽ നായകൻ അനുഭവിക്കുന്ന പൊക്കമില്ലായ്മയാണ് അവതരിപ്പിക്കപ്പെടുന്നത് അല്ലാതെ പൊക്കമില്ലാത്ത നായകൻറെ കഥയല്ല സിനിമ പറയുന്നത്. 79ലെ ഭരതൻ മൂവിയായ ‘തകര’യിൽ തകരയുടെ ഭാഗത്തുനിന്നും ഭരതൻ കഥ പറയുന്നു. മറ്റൊരു ഭരതൻ സിനിമയായ ‘കേളി’യിൽ കാലിന് സ്വാധീന കുറവുള്ള നാരായണൻകുട്ടിയുടെ വശത്തു നിന്നുമാണ് കഥ പറയുന്നത്. സമകാലിക മലയാള സിനിമ പരിശോധിച്ചാൽ ഈ പ്രവണത കാണാൻ സാധിക്കുന്നുണ്ട് 2006ൽ ഇറങ്ങിയ കമലിന്റെ ‘കറുത്ത പക്ഷികൾ’ വികെ പ്രകാശിന്റെ ‘ബ്യൂട്ടിഫുൾ’, രഞ്ജിത്തിന്റെ’അഞ്ചു സുന്ദരികൾ’ എന്ന ആന്തോളജി മൂവിയിലെ അമൽ നീരദ് സംവിധാനം ചെയ്ത ‘കുള്ളന്റെ ഭാര്യ’എന്ന ഉപചിത്രം,
‘ബാംഗ്ലൂർ ഡേയ്സ്’, വികൃതി’എന്നിവ മികച്ചു ഉദാഹരണങ്ങളാണ്.
സ്ത്രീയുടെ വൈകല്യവും പുരുഷന്റെ വൈകല്യവും സിനിമ രണ്ടു തട്ടിലായിട്ടാണ് അടയാളപ്പെടുത്തുന്നത്. ‘സ്നേഹം’ സിനിമയിലെ ജോമോൾ ഭാരതത്തിലെ രാധ എന്ന കഥാപാത്രം, ‘ചിത്ര’ത്തിലെ ലിസി ഇതൊക്കെ പരിശോധിച്ചാൽ മനസ്സിലാകും രാജകുമാരനെ എന്നെന്നും പ്രതീക്ഷിക്കുന്ന സമൂഹത്തിൽ നിന്ന് ആറുവട്ടം അടിമയായ സ്ത്രീയുടെ ചിത്രീകരണമാണ് ഈ സിനിമകളിൽ ഒക്കെ കാണുവാൻ സാധിക്കുന്നത്. ബാംഗ്ലൂർ ടെസ ഉത്തമ ഉദാഹരണമാണ്.
ഡിഫറെൻറ്ലി ഏബിൾഡ് ആയവരെ അവതരിപ്പിക്കുമ്പോൾ അവരുടെ ലോകത്തിൽ നിന്നുകൊണ്ട് അവരുടെ ഭാഷ്യമായിട്ടാകണം സിനിമ മാറേണ്ടത്. എന്നാൽ പലപ്പോഴും സമൂഹം അവരെ എങ്ങനെ നോക്കിക്കാണുന്നു എന്ന നിലയിലാണ് ഇവരുടെ കഥകൾ പറയപ്പെടുന്നത്. പ്രസ്തുത നിലപാടിനെ സാധൂകരിക്കാൻ പോകുന്ന ഉദാഹരണമാണ് അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെ എപ്രകാരമാണ് ‘തന്മാത്ര’ എന്ന സിനിമയിലും ‘ഷെർലക്ടോംസ്’ എന്ന സിനിമയിലും അടയാളപ്പെടുത്തിയത് എന്നതിനെ സംബന്ധിച്ച വിശകലനം.ഇത്തരത്തിൽ സമൂഹത്തിൽ നിന്ന് അവരെ പുറം തിരിച്ചു നിർത്തുന്ന സിനിമകൾ അല്ല പകരം അവരെ തന്നെ നമുക്ക് പറഞ്ഞുതരുന്ന റിയലിസ്റ്റിക് സിനിമകളാണിനി ആവശ്യം.
_ എം ആർ മീര
തുടർ പ്രവർത്തനങ്ങൾ
“ഡിഫറെൻറ്ലി ഏബിൾ ആയവരെ അവതരിപ്പിക്കുമ്പോൾ അവരുടെ അനുഭവത്തിൽ നിന്നുകൊണ്ട് വേണം അതിനെ പാർത്ഥൻ അല്ലാതെ മാറി കാഴ്ചക്കാരന്റെ നോട്ടത്തിൽ നിന്നും ആകരുത് “- വരുംകാല സിനിമയിൽ എപ്രകാരമാണ് ഭിന്നശേഷി വർഗ്ഗത്തെ അവതരിപ്പിക്കേണ്ടതെന്ന് ചർച്ചചെയ്യുക.
മലയാള സിനിമയിലെ തനതായ നായിക-നായക സങ്കൽപ്പങ്ങൾ എന്തായിരുന്നു? കണ്ടെത്തി എഴുതുക.
സമകാലിക മലയാള സിനിമയ്ക്ക് വന്നുചേർന്നിട്ടുണ്ടായ മാറ്റങ്ങൾ എന്തൊക്കെ? കുട്ടികൾ സംഘം തിരിഞ്ഞ് കണ്ടെത്തി സെമിനാർ സംഘടിപ്പിക്കുക.
പദകോശം
അപഹാസ്യം - ആക്ഷേപിക്കത്തക്ക
അഭിലാഷം - ഏതെങ്കിലും ഒന്ന് കിട്ടണമെന്ന് താല്പര്യം, കാമം, ഇച്ഛ.
കുറിയ - ചെറിയ,നീളംകുറഞ്ഞ.
കൊമേർഷ്യൽ സിനിമ - വാണിജ്യ സിനിമ.
പ്രദാനം - കൊടുക്കൽ, കാഴ്ചവയ്പ്പ്.
പ്രമേയം - പ്രമാണിക്കാനുള്ള കാര്യം, തെളിയിക്കേണ്ട വസ്തു.
പ്രവണത -താഴ്മ
ചരിവ്, കുനിവ്,മനസ്സിൻറെ ചായ്വ്, വാസന.
മുക്തി - മോചനം.
റഫറൻസ് - ഉദാഹരണവാക്യം, അടയാളം,സൂചന.
സ്വത്വം - വ്യക്തിത്വം,തന്റേതെന്ന ഭാവം.
സ്റ്റീരിയോ ടൈപ്പ് - വാർപ്പുമാതൃക.
ലേഖന പരിചയം
മീര എം.ആർ
1999ൽ തിരുവനന്തപുരത്ത് ജനനം. ശിശു വിഹാർ യുപി സ്കൂൾ, ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത ഹിസ് ഹൈനസ് കോളേജ് ഫോർ വിമൻസിൽ നിന്നും ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.നിലവിൽ മാർതിയോഫിലസ് ബിഎഡ് ട്രെയിനിങ് കോളേജ് വിദ്യാർത്ഥിയാണ്. വയസ്സ്, മഴ എന്നീ കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments
Post a Comment